ഇന്ത്യക്ക് ഉജ്ജ്വല വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ജയിക്കാൻ ആവശ്യമായ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഇന്ത്യ 21ന് പരമ്പര സ്വന്തമാക്കി. രണ്ടാമത് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല. ശിഖർ ധവാൻ ഒരു റൺസും, രോഹിത് ശർമയും, കോലിയും 17 റൺസും നേടി പുറത്തായി. 16 റൺസ് നേടിയ സൂര്യകുമാറിനും പിടിച്ചുനിൽക്കാനായില്ല. അതിനുശേഷം ഹാർദിക്കും പന്തും കളിയുടെ ഗതി മാറ്റി.
നാല് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് തീർത്തും ആക്രമിച്ചാണ് ബാറ്റ് ചെയ്തത്. 55 പന്തിൽ 71 റൺസാണ് ഹർദിക് നേടിയത്. മറുവശത്ത് പന്ത് ഇംഗ്ലണ്ട് ബൗളർമാരെ വട്ടംകറക്കി. മികച്ച ഷോട്ടുകളിലൂടെ സെഞ്ച്വറി നേടിയാണ് പന്ത് വിജയത്തിലേക്ക് നയിച്ചത്. 113 പന്തിൽ 125 റൺസാണ് അദ്ദേഹം നേടിയത്. 42-ാം ഓവറിൽ തുടർച്ചയായി അഞ്ച് ബൗണ്ടറികൾ പായിച്ച പന്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറിൽ 259 റൺസിന് ഓൾ ഔട്ടായി. ജോസ് ബട്ലറുടെ 60 റൺസാണ് ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിക്കാൻ സഹായിച്ചത്. റോയ് (41), മോയിൻ അലി (34), ഒവേർട്ടൺ (32) എന്നിവരും ഇംഗ്ലണ്ടിന്‍റെ സ്കോറിൽ തിളങ്ങി. ഇന്ത്യക്കായി ഹാർദിക് പാണ്ഡ്യ നാലും യുസ്വേന്ദ്ര ചാഹൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി ഇന്ത്യയെ സഹായിച്ചു.