ഇറാഖിൽ കലാപ സമാന സാഹചര്യം ; 23 സദർ അനുകൂലികള്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: പ്രമുഖ ഷിയാ നേതാവ് മുക്താദ സദർ താൻ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖിൽ കലാപം രൂക്ഷമാവുന്നു. ഇറാഖ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ 23 സദർ അനുകൂലികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 380 പേർക്ക് പരിക്കേറ്റതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.

സദറിന്‍റെ അനുയായികളും സൈന്യവും ഇറാഖി സേനയുമായി സഹകരിച്ച മുൻ അർദ്ധസൈനിക വിഭാഗമായ ഹാഷിദ് അൽ ഷാബിയുടെ ആളുകളും തമ്മിലുള്ള സംഘർഷം ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ പുനരാരംഭിക്കുകയായിരുന്നു.

താൻ രാഷ്ട്രീയം വിടുകയാണെന്നും രാഷ്ട്രീയ പാർട്ടി പിരിച്ചുവിടുകയാണെന്നും സദർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അക്രമാസക്തരായ അനുയായികൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ ഇറാഖ് സർക്കാർ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറിയതോടെ കാവൽ പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം തടസ്സപ്പെട്ടു.