ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് കോമണ്‍ ചാര്‍ജിംഗ് കേബിളായി എത്തുക. ഒരൊറ്റ ചാർജിംഗ് കേബിൾ എന്ന നിയമം നടപ്പാക്കാൻ ലാപ്ടോപ്പ് നിർമ്മാതാക്കൾക്ക് 2026 വരെ സമയം നൽകിയിട്ടുണ്ട്. 602 എംപിമാരുടെ പിന്തുണ ഈ നിയമത്തിന് ലഭിച്ചു. 13 പേർ എതിർത്ത് വോട്ട് ചെയ്യുകയും 8 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. 

പരിസ്ഥിതിക്ക് വളരെ പ്രയോജനകരമായ ഒരു തീരുമാനമായാണ് നിയമം കണക്കാക്കപ്പെടുന്നത്.  യൂറോപ്യൻ യൂണിയന്‍റെ മല്‍സരവിഭാഗം കമ്മീഷണര്‍ മാര്‍ഗ്രെത്ത് വെസ്റ്റാജര്‍ ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ രൂപത്തിലുള്ള ചാർജറുകൾ മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നത്തിനും അസൗകര്യങ്ങൾക്കും ഇത് പരിഹാരമാണെന്ന് ഇവർ പറയുന്നു. 

2021 സെപ്റ്റംബറിൽ ഈ നിർദ്ദേശം ആദ്യമായി അവതരിപ്പിച്ചപ്പോൾ, ആപ്പിൾ എതിരായാണ് പ്രതികരിച്ചത്. ഒരു ചാര്‍ജിംഗ് കേബിള്‍ എന്ന നീക്കത്തോട് പ്രതികരിച്ച ആപ്പിൾ പ്രതിനിധി, ഇത് നവീകരിക്കാനുള്ള ശ്രമത്തെ തടസപ്പെടുത്തുമെന്നും ലോകമെമ്പാടുമുള്ള ആപ്പിള്‍ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുമെന്നും പ്രതികരിച്ചിരുന്നു. .