തെരുവ് നായയുടെ കടിയേറ്റ വിദ്യാർത്ഥിനിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണം; പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട സ്വദേശിനിയായ 12കാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കഴിഞ്ഞ രണ്ട് വർഷമായി സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ വാക്സിൻ ഫലപ്രദമായിരുന്നതിനാൽ മരണസംഖ്യയും കുറവായിരുന്നു. 2020 മുതൽ കടിയേറ്റുള്ള മരണങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച അടിയന്തര പ്രമേയ നോട്ടീസിലൂടെയാണ് ഈ വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷബാധ വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടായില്ലെങ്കിൽ അടിയന്തര ഇടപെടൽ വേണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷമായി നായ്ക്കളെ വന്ധ്യംകരിച്ചിട്ടില്ല. എബിസി പദ്ധതിയും സംസ്ഥാനത്ത് നടക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വന്തം ഫണ്ട് ഉപയോഗിച്ച് ഇത് ചെയ്യാൻ കഴിയില്ല. വീഴ്ചകൾ മനസിലാക്കി അവ ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.