സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗകമ്മറ്റിയെ നിയോഗിക്കും

തിരുവനന്തപുരം: സർക്കാർ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ തീരുമാനം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് സമിതി.

15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകർ, സംസ്ഥാന സർക്കാരിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി, ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത വ്യക്തി എന്നിവർക്ക് ചെയർപേഴ്സണാകാം. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥർ, വിരമിച്ച ഐ ആൻഡ് പി.ആർ.ഡി ഡയറക്ടർ, വിരമിച്ച ഐ ആൻഡ് പി.ആർ.ഡി അഡീഷണൽ ഡയറക്ടർ, 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവർത്തകർ എന്നിവർക്ക് അംഗങ്ങളാകാം.

ഒരു വനിത അംഗം കൂടി ഉണ്ടാകുന്നത് അഭികാമ്യമാണെന്നും തീരുമാനിച്ചു. കമ്മറ്റി അംഗങ്ങളുടെ പ്രായം 45നും 70നും ഇടയിലായിരിക്കും. അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോടതികൾ, കമ്മീഷനുകൾ മുതലായവ നൽകുന്ന പരസ്യങ്ങളുടെ ഉള്ളടക്ക പരിശോധനാ സമിതിയുടെ പരിധിയിൽ ഉൾപ്പെടും.