വയനാട് വാകേരിയിൽ കടുവയെ എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തി

ബത്തേരി: വയനാട് വാകേരിയിൽ ജനവാസ മേഖലയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നാരായണപുരം എസ്റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. ഗാന്ധിനഗറിൽ വ്യാഴാഴ്ചയാണ് കടുവയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. വൈകുന്നേരത്തോടെ കടുവയെ തുരത്താൻ കഴിയാത്തതിനാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

പൂതാടി പഞ്ചായത്തിലെ വട്ടത്താണി-കൂടല്ലൂർ റോഡിൽ ഗാന്ധി നഗറിൽ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കടുവയെ കണ്ടത്. ചെതലയം റേഞ്ചിലെ വനത്തിനോട് ചേർന്നുള്ള കൃഷിയിടത്തിലെത്തിയ കടുവയ്ക്ക് വനാതിർത്തി കടന്ന് കാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല.

രാവിലെ തൊഴിലാളികളുമായി ജീപ്പിൽ എത്തിയ പ്രദേശവാസിയായ റെജിയാണ് കടുവയെ ആദ്യം കണ്ടത്. കടുവ റോഡിലൂടെ നടന്ന് ഒടുവിൽ കരിയാട്ട് നാരായണന്‍റെ കാപ്പിത്തോട്ടത്തിൽ പ്രവേശിച്ചു. റോഡിൽ നിന്ന് ഏകദേശം ഇരുപത് മീറ്റർ അകലെ, കാപ്പിച്ചെടികൾക്കിടയിൽ കിടപ്പിലായി. കടുവ 50 മീറ്റർ നടന്നെങ്കിലും തിരികെ പഴയ സ്ഥലത്തേക്ക് മടങ്ങി. കടുവ തീരെ അവശനായതിനാൽ മയക്കുവെടി വച്ചു പിടികൂടുന്നതു പ്രായോഗികമല്ലെന്ന് ഡോക്ടർമാരുടെ സംഘവും വിലയിരുത്തിയിരുന്നു.