സൈറണ്‍ മുഴങ്ങുമ്പോള്‍ ഫോണ്‍ മാറ്റിവയ്ക്കണം;വ്യത്യസ്ത നിയമവുമായി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം

മഹാരാഷ്ട്ര: സ്മാർട്ട്ഫോണുകളുടെ വരവോടെ, പ്രായ- ലിംഗഭേദമന്യേ എല്ലാവരും ഇന്‍റർനെറ്റ് ലോകത്ത് കൂടുതൽ സജീവമായി. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ്, മറ്റ് വീഡിയോ- മൂവി-സീരീസ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ച് ആളുകൾ ഇന്‍റർനെറ്റ് ലോകത്ത് തന്നെ ദിവസത്തിന്‍റെ വലിയൊരു പങ്കും ജനം ചെലവിടാൻ തുടങ്ങി.

ഇത് ക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. മണിക്കൂറുകളോളം ഫോണിൽ ചെലവഴിക്കുന്നത് ശരീരത്തെ മാത്രമല്ല മനസ്സിനെയും ദോഷകരമായി ബാധിക്കും. 

എന്നാൽ പലപ്പോഴും ഫോൺ ആസക്തിയുള്ള ആളുകൾക്ക് അതിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയില്ല എന്നതാണ് സത്യം. ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ ഫോണ്‍ മാറ്റിവച്ചുകൊണ്ട് തന്നെ ചിലവിടാൻ സാധിക്കണം. ഇത്തരത്തില്‍ ഫോണ്‍ അഡിക്ഷൻ ഒഴിവാക്കാൻ വേണ്ടി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം കണ്ടെത്തിയിരിക്കുന്ന വ്യത്യസ്തമായൊരു മാര്‍ഗം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ മോഹിത്യാഞ്ചെ വഡ്ഗാവോൻ എന്ന ഗ്രാമത്തിലാണ് ഗ്രാമമുഖ്യന്‍റെ നേതൃത്വത്തില്‍ വ്യത്യസ്തമായ നിയമം നടപ്പിലാക്കിയിരിക്കുന്നത്. നിര്‍ബന്ധമായും ദിവസത്തിലെ ഒന്നര മണിക്കൂര്‍ ഫോൺ മാറ്റിവയ്ക്കുകയെന്നതാണ് ഇവര്‍ നടപ്പിലാക്കിയിരിക്കുന്ന നിയമം.

ഇത് നടപ്പിലാക്കുന്നത് എങ്ങനെയെന്നാൽ വൈകീട്ട് ഏഴ് മണിയോടെ ഒരു സൈറണ്‍ മുഴങ്ങും. ഇതോടെ ഫോണ്‍ മാറ്റിവയ്ക്കണം. ഫോൺ മാത്രമല്ല, ടിവി, റേഡിയോ, കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളെല്ലാം മാറ്റിവയ്ക്കണം. എട്ടര വരെ വായന, എഴുത്ത്, പഠനം, മുതിര്‍ന്നവരാണെങ്കില്‍ കുടുംബാംഗങ്ങളുമായോ മറ്റോ സംസാരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം.