കാറിടിച്ച് റോഡില്‍ വലിച്ചിഴയ്ക്കപ്പെട്ട യുവതിക്കൊപ്പം സുഹൃത്തും; മൊഴിയെടുത്ത് പൊലീസ്

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തിൽ ഡൽഹിയിലെ സുൽത്താൻപുരിയിൽ കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടര്‍യാത്രക്കാരിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ച സംഭവത്തിൽ യുവതിക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായി ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കാറിടിച്ച് വീണ യുവതിക്ക് നിസ്സാര പരിക്കേറ്റതായും ഭയന്ന ഇവർ രക്ഷപ്പെട്ടതായും അന്വേഷണത്തിൽ വ്യക്തമായി.

തിങ്കളാഴ്ച വൈകുന്നേരമാണ് രണ്ടാമത്തെ സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവരുടെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. സംഭവം അപകടമാണെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. സംഭവത്തിന് മുമ്പ് സ്ത്രീകൾ ഒരുമിച്ച് ഒരു ജൻമദിനാഘോഷത്തിൽ പങ്കെടുത്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇവരുടെ മറ്റ് സുഹൃത്തുക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അവരെയും ചോദ്യം ചെയ്തേക്കാം.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോലീസ് കമ്മീഷണർ സഞ്ജയ് അറോറയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണിലൂടെ വിവരങ്ങൾ തേടിയ ശേഷം വിശദമായ റിപ്പോർട്ട് നൽകാൻ കമ്മീഷണറോട് ആവശ്യപ്പെട്ടു. സ്പെഷ്യൽ കമ്മീഷണർ ശാലിനി സിംഗ് അന്വേഷണത്തിന് നേതൃത്വം നൽകും. ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേനയും അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞു.