ലോകകപ്പിൽ ഇറാന്റെ തോൽവി ആഘോഷിച്ച യുവാവിനെ സൈന്യം വെടിവച്ചു കൊന്നു

ടെഹ്റാൻ: ഖത്തറിൽ നടന്ന ലോകകപ്പിൽ ഇറാൻ അമേരിക്കയോട് തോറ്റതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷത്തിനിടെ സാമൂഹിക പ്രവർത്തകനെ സുരക്ഷാ സേന വെടിവച്ചുകൊന്നു. ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തായതിനു ശേഷം സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്‌റാൻ സമക് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.

ടെഹ്റാന്‍റെ വടക്കുപടിഞ്ഞാറൻ നഗരമായ ബന്ദർ അൻസാലിയിലാണ് സംഭവം. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോൺ മുഴക്കിയും തെരുവുകളിൽ നൃത്തം ചെയ്തും ഇറാനികൾ സ്വന്തം രാജ്യത്തിന്‍റെ പരാജയം ആഘോഷിച്ചു. ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ മെഹ്റാനെ സൈന്യം ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എൻജിഒ ആരോപിച്ചു.

22കാരിയായ മഹ്സ അമിനി ഇറാനിലെ മതപൊലീസിൻ്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് കുർദിഷ് പട്ടണമായ സാക്വസിൽ വലിയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധം പിന്നീട് ഇറാനിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു.