8,000 കോടിയുടെ ഐപിഒയുമായി ആകാശ് ബൈജൂസ്

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുത്ത് ബൈജൂസിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്‍റർ ശൃംഖലയായ ആകാശ് എഡ്യൂക്കേഷണൽ സർവീസസ്. ഐപിഒയിലൂടെ ഏകദേശം 1 ബില്യൺ ഡോളർ (ഏകദേശം 8,000 കോടി രൂപ) സമാഹരിക്കുകയാണ് ബൈജൂസിന്‍റെ ലക്ഷ്യം.

അടുത്ത വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ആകാശ് ഐപിഒയുമായി ബൈജൂസ് എത്തും. കഴിഞ്ഞ വർഷം 950 മില്യൺ ഡോളറിനാണ് ആകാശിനെ ബൈജൂസ് സ്വന്തമാക്കിയത്. 1988ൽ ബാംഗ്ലൂർ ആസ്ഥാനമാക്കി ആരംഭിച്ച ആകാശിന് രാജ്യത്തുടനീളം 200ലധികം കേന്ദ്രങ്ങളുണ്ട്.

ആകാശിന് ഏകദേശം 3.5-4 ബില്യൺ ഡോളർ വിപണി മൂല്യമുണ്ടെന്നാണ് ബൈജൂസിന്‍റെ കണക്ക് കൂട്ടൽ. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ആകാശ് ലിസ്റ്റ് ചെയ്ത ശേഷമായിരിക്കും ബൈജൂസ് ഐപിഒയ്ക്ക് എത്തുക.