ഗുജറാത്തില്‍ എഎപി സ്ഥാനാര്‍ത്ഥിയെ കുടുംബമടക്കം കാണാനില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെയും കുടുംബത്തെയും കാണാനില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ. സൂറത്ത് (ഈസ്റ്റ്) സ്ഥാനാർത്ഥിയായ കഞ്ചൻ ജരിവാളിനെയും കുടുംബത്തേയുമാണ് കാണാതായത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതാകാമെന്നും കെജ്‌രിവാൾ പറഞ്ഞു.

“ഞങ്ങളുടെ സ്ഥാനാര്‍ത്ഥി കഞ്ചന്‍ ജാരിവാലയെയും കുടുംബത്തേയും ഇന്നലെ മുതല്‍ കാണാനില്ല. ആദ്യം അദ്ദേഹത്തിന്റെ നോമിനേഷന്‍ തള്ളിക്കളയാന്‍ ബി.ജെ.പി. ശ്രമിച്ചിരുന്നു. എന്നാല്‍, നോമിനേഷന്‍ സ്വീകരിച്ചു. പിന്നീട് നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു.” കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണോ എന്നും അദ്ദേഹം ചോദിച്ചു. ജരിവാളിൻ്റെയും കുടുംബത്തിന്റെയും തിരോധാനത്തിന് പിന്നില്‍ ബിജെപി പാർട്ടിയാണെന്നും അവരെ തട്ടിക്കൊണ്ടു പോയി തടവിലാക്കിയിരിക്കുകയാണെന്നും ആം ആദ്മി പാർട്ടി ദേശീയ വക്താവ് രാഘവ് ചദ്ദയും ആരോപിച്ചു.