എഎപി ദേശീയപാര്‍ട്ടിയാകാന്‍ ഇനി ഒരു ചുവട് മാത്രമെന്ന് കെജ്രിവാൾ

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി ദേശീയ രാഷ്ട്രീയ പാർട്ടിയായി മാറാൻ ഒരു പടി മാത്രം അകലെയാണെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗോവയിലും എഎപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ പരാമർശം. ഒരു സംസ്ഥാനത്ത് കൂടി പാർട്ടിയെ അംഗീകരിച്ചാൽ എഎപിക്ക് ദേശീയ പാർട്ടി എന്ന പദവി ലഭിക്കും. പാർട്ടിയുടെ നേട്ടത്തിൽ പാർട്ടി പ്രവർത്തകരെയും കെജ്രിവാൾ അഭിനന്ദിച്ചു.

ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗോവയിലും എഎപിയെ അംഗീകരിച്ചു. നമ്മുടെ പാർട്ടിയെ ഒരു സംസ്ഥാനത്ത് കൂടി അംഗീകരിച്ചാൽ എഎപിയെ ദേശീയ പാർട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. പാർട്ടിയിലെ ഓരോ പ്രവർത്തകനെയും അവരുടെ കഠിനാധ്വാനത്തിന് ഞാൻ അഭിനന്ദിക്കുന്നു. എഎപിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വാസം അർപ്പിച്ചതിന് ജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കെജ്രിവാൾ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു ദേശീയ പാർട്ടിയുടെ പദവി ലഭിക്കുന്നതിന്, മൂന്ന് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. നാല് സംസ്ഥാനങ്ങളിൽ നടന്ന അവസാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തിലും ആറ് ശതമാനം വോട്ട് വിഹിതം ലഭിക്കണം. കൂടാതെ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ നേടണം. അല്ലെങ്കിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് ശതമാനം സീറ്റുകൾ നേടുകയോ, നാല് സംസ്ഥാനങ്ങളിൽ പാർട്ടി അംഗീകാരം നേടുകയോ വേണം.