മഠാധിപതിയുടെ ആത്മഹത്യ; ബെംഗളൂരു സ്വദേശിനിയടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍
രാമനഗര: ലിംഗായത്ത് പുരോഹിതൻ ബസവലിംഗ സ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചില സ്വകാര്യ വീഡിയോകളുടെ പേരിൽ ഒരു സ്ത്രീ തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് ആത്മഹത്യാ കുറിപ്പിൽ സ്വാമി ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സ്വദേശിനിയായ യുവതിയെ ചോദ്യം ചെയ്യുന്നത്. രാമനഗര ജില്ലയിലെ കഞ്ചുഗൽ ബന്ദേമഠത്തിലെ പൂജാമുറിയുടെ ജനൽ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലാണ് 45 കാരനായ അദ്ദേഹത്തെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ വൈകിയും മുറി തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ മുറി തുറന്ന് പരിശോധന നടത്തി. ഇതോടെയാണ് സ്വാമിയുടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം സ്വാമിയുടെ ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഈ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള രണ്ട് പേർക്ക് മഠവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സന്യാസി ഒരു യുവതിയുമായി വീഡിയോ കോൾ ചെയ്തിരുന്നു. ഇതെല്ലാം സ്ക്രീൻ റെക്കോർഡ് ചെയ്ത യുവതി പിന്നീട് ഈ വീഡിയോകൾ കാണിച്ച് സ്വാമിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അജ്ഞാതയായ ഒരു സ്ത്രീയാണ് തന്നോട് ഇത് ചെയ്തതെന്നും സ്വാമിയുടെ കുറിപ്പിൽ പറയുന്നു. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.