തലപ്പാവിനായി വർഷം തോറും കൊല്ലുന്നത് നൂറോളം കരടികളെ; പ്രതിഷേധം ശക്തം

ലണ്ടൻ: ബ്രിട്ടീഷ് കൊട്ടാരത്തിലെ കാവൽക്കാരുടെ ഔദ്യോഗിക വസ്ത്രധാരണം വളരെ പ്രശസ്തമാണ്. അതിൽ തന്നെ നീണ്ട കറുത്ത തലപ്പാവുകൾ വേറിട്ടുനിൽക്കുന്നു. ബെയർസ്കിൻ എന്നറിയപ്പെടുന്ന ഈ തലപ്പാവുകൾ ഇപ്പോഴും കരടികളുടെ രോമം കൊണ്ടാണ് നിർമ്മിക്കുന്നത്.

തലപ്പാവ് നിർമ്മാണത്തിനായി ഓരോ വർഷവും നൂറോളം കരടികൾ ആണ് കൊല്ലപ്പെടുന്നത്. ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.

പതിനേഴാം നൂറ്റാണ്ട് മുതൽ, സൈനികരുടെ ഔദ്യോഗിക വസ്ത്രത്തിൽ കരടിത്തോൽ കൊണ്ട് നിർമ്മിച്ച തലപ്പാവ് ഉൾപ്പെടുന്നു. ബ്രിട്ടീഷ് വംശജനായ ഒരു തലപ്പാവ് നിർമ്മാതാവാണ് കൊട്ടാരത്തിന്‍റെ കാവൽക്കാർക്കായി തലപ്പാവുകൾ നിർമ്മിക്കുന്നത്. ഇതിനുള്ള കരടി രോമങ്ങൾ അന്താരാഷ്ട്ര വിപണിയിൽ നിന്ന് ലേലത്തിൽ വാങ്ങുന്നു. പ്രതിവർഷം 50-നും 100-നും ഇടയിൽ കരടിത്തോലുകളാണ് വാങ്ങുന്നത്. ഒരു തോലിന് 650 പൗണ്ട് (61,000 രൂപ) ആണ് വില.