ചരിത്രം കുറിച്ച് ‘പത്തൊമ്പതാം നൂറ്റാണ്ട്’; മെറ്റാവേഴ്‌സിൽ ട്രെയിലർ ലോഞ്ച്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മലയാള സിനിമക്ക് അഭിമാനമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ട്രെയിലർ മെറ്റാവേഴ്സിൽ റിലീസ് ചെയ്തു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ വിനയൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തിന്‍റെ കഥാപശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ് ട്രെയിലർ ലോഞ്ചിനുള്ള 3ഡി സ്പേസ് മെറ്റാവേഴ്സിൽ സൃഷ്ടിച്ചത്.

ഒരു രാജകൊട്ടാരത്തിനകത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ വിനയനും ഗോകുലം ഗോപാലനും സിനിമയേക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. കൊട്ടാരത്തിന്‍റെ ദർബാർ പിന്നീട് വലിയ സ്ക്രീനുള്ള ഒരു സിനിമാ തിയേറ്ററായി മാറി. ട്രെയിലറും ഈ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. മെറ്റാവേഴ്‌സ് ലോഞ്ചിന്‍റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിൽ സംവിധായകൻ വിനയൻ, നായകൻ സിജു വിൽസൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ക്യാമറാമാൻ ഷാജികുമാർ, നടൻ വിഷ്ണു വിനയൻ എന്നിവർ പങ്കെടുത്തു.

മെറ്റാവേഴ്‌സ് എന്ന നൂതന ആശയം സിനിമയുമായി ചേർത്ത് നിർത്തിയതിൽ ഏറെ അഭിമാനമുണ്ടെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. സിനിമ എന്ന കല സാങ്കേതിക മേഖലയുമായി ചേർന്നു നിൽക്കുന്നതാണ്. അതിനാൽ പുത്തൻ സാങ്കേതികവിദ്യയെ ആദ്യമേ ഉൾക്കൊള്ളൻ നമ്മൾ തീരുമാനിക്കുന്നു. മെറ്റാവേഴ്‌സ് നാളത്തെ സിനിമാ പ്രദർശനശാലയായി മാറാൻ അധികം സമയമെടുക്കില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.