അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

ദില്ലി: സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി മരവിപ്പിച്ചതായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടനയ്ക്കെതിരെ തുടരുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇഡിയുടെ നടപടി. ജനകീയ പ്രസ്ഥാനങ്ങൾ, എൻജിഒകൾ, മനുഷ്യാവകാശ സംഘടനകൾ, പ്രതിപക്ഷ പാർട്ടികൾ, മാധ്യമങ്ങൾ എന്നിവയാകട്ടെ, രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തെ വിമർശിക്കുന്ന ഏതൊരു ജനാധിപത്യ ശബ്ദത്തിനും പുറകെ, ഇഡി രാഷ്ട്രീയ യജമാനൻമാരുടെ പിടിയാളായി പ്രവർത്തിക്കുന്നുവെന്ന് ഒരിക്കൽ കൂടി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകളിലെ 13 വർഷത്തെ ഇടപാടുകൾ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ സാധാരണമാണ്. മാതൃകാപരമായ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന ഒരു സംഘടന എന്ന നിലയിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ നേരിടാൻ പോപ്പുലർ ഫ്രണ്ട് നടത്തിയ ധനസമാഹരണവും നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇഡി പറഞ്ഞ കണക്കുകൾ ഒട്ടും ആശ്ചര്യകരമല്ല. ഓരോ പൈസയുടെയും ഇടപാടുകൾ സംഘടന ആദായനികുതിക്ക് സമർപ്പിച്ചിട്ടുണ്ട്.

ഒരു ദശാബ്ദത്തിലേറെയുള്ള കണക്കുകൾ ഉപയോഗിച്ച് ഈ വാർത്ത സെൻസേഷണൽ ആകുകയാണ്. 2020 ൽ പോപ്പുലർ ഫ്രണ്ട് 120 കോടി രൂപ കളക്ട് ചെയ്തതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. 60 കോടി രൂപയുടെ ഇപ്പോഴത്തെ പ്രസ്താവന നേരത്തെയുള്ള തെറ്റായ അവകാശവാദത്തെ നിരാകരിക്കുന്നു. പോപ്പുലർ ഫ്രണ്ട് പോലുള്ള ജനകീയ പ്രസ്ഥാനങ്ങളെ ഇത്തരം ഏജൻസികൾ ലക്ഷ്യം വയ്ക്കുകയും മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു എന്നതിന്റെ മറ്റൊരു തെളിവാണിത്.