എകെജി സെന്‍റര്‍ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ; പ്രതികരണവുമായി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി അറസ്റ്റിലായതോടെ പ്രതിപക്ഷത്തിന്‍റെ നുണപ്രചാരണം തുറന്നുകാട്ടാന്‍ കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതി സി.പി.എം അംഗമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിച്ചിരുന്നു. ഒരാളാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ലെന്നും പിന്നിലുള്ളവരെയും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റാണ് ജിതിൻ. എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് ജിതിൻ ആണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ജൂൺ 30ന് രാത്രി 11.25 ഓടെയാണ് എ.കെ.ജി സെന്‍ററിന്‍റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടകവസ്തു എറിഞ്ഞത്. ഏഴ് പോലീസുകാർ 25 മീറ്റർ അകലെ കാവൽ നിൽക്കുമ്പോൾ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിക്കുകയും 250 ലധികം പേരെ ചോദ്യം ചെയ്യുകയും ചെയ്തു. അയ്യായിരത്തിലധികം മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചു.