ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ പുറത്തിറങ്ങി; ഇനി നാട്ടിലേക്കില്ലെന്ന് മുസ്ലിങ്ങള്‍

അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചതിന് പിന്നാലെ മുസ്ലീങ്ങൾ അവരുടെ ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു. പ്രതികൾ മടങ്ങിയെത്തിയാൽ ആക്രമിക്കപ്പെടുമെന്ന ഭയമാണ് നാട് വിടാനുള്ള കാരണമെന്ന് മുസ്ലിം കുടുംബങ്ങൾ പറയുന്നു.

ഒട്ടേറെ മുസ്ലിം കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത് ദേവഗഡ് ബരിയയിലെ റഹീമാബാദ് കോളനിയിലാണ്. ഇവിടെയാണ് ബില്‍ക്കീസ് ബാനുവിന്റെ കുടുംബവും താമസിക്കുന്നത്.

പ്രതികള്‍ താമസിക്കുന്ന രന്തിക്പൂര്‍ ഗ്രാമത്തിലെ മുസ്ലിങ്ങളാണ് പലായനം ചെയ്തത്. ബലാല്‍സംഗവും കൊലപാതകവും നടത്തിയ കേസില്‍ കോടതി ശിക്ഷിച്ച പ്രതികള്‍ പുറത്തിറങ്ങിയതാണ് ഇവരെ ഭയപ്പെടുത്തുന്നത്. പ്രതികളെ വീണ്ടും ജയിലിലടച്ചാല്‍ മാത്രമേ തിരിച്ചു നാട്ടിലേക്ക് വരൂ എന്ന് ഇവർ പറഞ്ഞു.