സാധാരണ ജീവിതത്തിലേക്ക് മടങ്ങി ബിൽക്കീസ് ബാനു കേസിലെ പ്രതികൾ

ദാഹോദ് (ഗുജറാത്ത്): ബിൽക്കീസ് ബാനുവിനെ 2002ൽ കൂട്ടബലാത്സംഗം ചെയ്യുകയും ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 11 പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെയുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സാധാരണജീവിതത്തിലേക്ക് മടങ്ങി പ്രതികൾ. ഗുജറാത്തിലെ രൺധിക്പുർ ഗ്രാമത്തിലും പരിസരത്തുമായാണ് എല്ലാ പ്രതികളും താമസിക്കുന്നത്.

ബിൽക്കീസ് ബാനു നാട് വിട്ട് വളരെ ദൂരെയാണ് താമസിക്കുന്നത്. 2002 ലെ ആ രാത്രിക്ക് ശേഷം അവർ ഗ്രാമത്തിൽ താമസിക്കാൻ വന്നിട്ടില്ല. അവർ താമസിച്ചിരുന്ന വീട് ഇപ്പോൾ ഒരു തുണിക്കടയാണ്. ബിൽക്കീസിന്‍റെ കുടുംബം ഒരു സ്ത്രീക്ക് വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സർക്കാർ പ്രതികളെ വിട്ടയച്ചത്.

വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെ പ്രതികൾക്ക് ഗംഭീര സ്വീകരണമാണ് നൽകിയത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സി.പി.എമ്മിലെ സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൽ, പ്രൊഫ.രേഖ വർമ എന്നിവരാണ് പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹർജി ഈ മാസം 29ന് പരിഗണിക്കും.