നരബലി കേസിൽ പ്രതി സിപിഎം പ്രവര്‍ത്തകനെന്ന്‌ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസിലെ മുഖ്യപ്രതി അറിയപ്പെടുന്ന സിപിഎം പ്രവർത്തകനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിന് പിന്നിൽ മതതീവ്രവാദ ശക്തികളുടെ പങ്കും അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

“ദുരൂഹമായ കാര്യങ്ങളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. നരബലി നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പല തരത്തിലുള്ള രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളുണ്ട്. അറിയപ്പെടുന്ന ഒരു സിപിഎം പ്രവര്‍ത്തകനാണ് ഇതിന്റെ പ്രധാനപ്പെട്ട കണ്ണിയായി പുറത്തുവന്നിരിക്കുന്നത്. മതഭീകരവാദ ശക്തികളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കണം. ലോകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന പ്രാകൃതമായ നടപടികള്‍ക്ക് സമാനമായ സംഭവമാണ് കേരളത്തിലും നടന്നത്” സുരേന്ദ്രന്‍ പറഞ്ഞു.

ഇത് ആസൂത്രണം ചെയ്ത് നടപ്പാക്കിയവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മതതീവ്രവാദ സംഘടനകളുടെ ഏതെങ്കിലും പങ്കാളിത്തം ഉണ്ടോ എന്ന് സംശയമുണ്ട്. കേരളത്തിൽ ഇന്നുവരെ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിത്. ലോകത്തിന് മുന്നിൽ രാജ്യത്തെ കളങ്കപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ട്. പ്രതികൾ നേരത്തെ സിപിഎമ്മിൽ പ്രവർത്തിച്ചിരുന്നെന്നും ഇപ്പോൾ കർഷക സംഘത്തിന്‍റെ ചുമതലയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.