നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം; പൊലീസ് അന്വേഷണം വഴിമുട്ടി

തിരുവല്ല: നരബലി നടത്തി യുവതിയെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണം വഴിമുട്ടി. യുവതിയെ ബന്ധപ്പെടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറ്റിപ്പുഴയിലെ വീട്ടിലും സമീപ പ്രദേശങ്ങളിലും പൊലീസ് പ്രാഥമിക പരിശോധന നടത്തി. അതേസമയം ഇടനിലക്കാരിയായ അമ്പിളിയും മന്ത്രവാദിയും മദ്യവും എംഡിഎംഎയും ഉപയോഗിച്ചെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വിവരം പുറത്ത് പറഞ്ഞാൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

ഡിസംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാൻ പൂജ നടത്തണമെന്ന് പറഞ്ഞാണ് ചങ്ങനാശേരി സ്വദേശിനിയായ അമ്പിളി കൊടക് സ്വദേശിനിയെ കുറ്റിപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. പൂജയ്ക്കായി 20,000 രൂപയും വാങ്ങിയിരുന്നു. രാത്രി 12 മണിയോടെ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഈ സമയം വീട്ടിലെത്തിയ ഒരാളോട് യുവതി രക്ഷിക്കണമെന്ന് പറയുകയും പുലരും വരെ ഇയാളോടൊപ്പം ഇരുന്ന ശേഷം കൊച്ചിയിലേക്ക് മടങ്ങുകയുമായിരുന്നു. പരിഭ്രാന്തയായ ഇവർ ജന്മനാടായ കുടകിലേക്ക് പോയി. കൊച്ചിയിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മുമ്പും പൂജയ്ക്കായി ഈ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.