കുട്ടിയെ ചവിട്ടിയ പ്രതി റിമാന്‍ഡില്‍; നരഹത്യാ ശ്രമമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കണ്ണൂര്‍: തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷാനിദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. ആദ്യം കുട്ടിയുടെ തലയ്ക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയായിരുന്നു. കുട്ടി മാറിയില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. തന്റെ കാറില്‍ ചാരിയെന്ന കാരണത്താല്‍ രാജസ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ മുഹമ്മദ് ഷാനിദ് എന്ന പൊന്ന്യം സ്വദേശിയായ 20 കാരന്‍ ചവിട്ടുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പൊലീസ് കൃത്യമായ രീതിയില്‍ നടപടിയെടുക്കാന്‍ തയ്യാറായത്.