മെട്രോ റെയിൽ സ്ഥലം ഏറ്റെടുക്കൽ; പണം ലഭിക്കാതെ ഭൂ ഉടമകൾ

കാക്കനാട്: മെട്രോ റെയിൽ ജില്ലാ ആസ്ഥാനത്തേക്ക് നീട്ടാനുള്ള സ്ഥലം വിട്ടു കൊടുക്കുന്ന ഉടമകൾ ആധാരം ജില്ലാ ഭരണകൂടത്തിനു കൈമാറിയിട്ട് മാസങ്ങളായി. ഓഫീസിൽ ചെന്നിട്ടും പണം ലഭിക്കുന്നില്ല. സ്ഥലമുടമകൾക്ക് നൽകാൻ പണമില്ലെന്നതാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രശ്നം. അടിയന്തരമായി 100 കോടി രൂപ ആവശ്യപ്പെട്ട് കെ.എം.ആർ.എല്ലിന് കത്തയച്ചിട്ടുണ്ട്. ഉടൻ നൽകുമെന്ന മറുപടിയല്ലാതെ നടപടികൾ പുരോഗമിക്കുന്നില്ല. സിവിൽ ലൈൻ റോഡിൽ സ്ഥലം വിട്ടുനൽകുന്ന വാഴക്കാല വില്ലേജ് പരിധിയിലെ 101 ഭൂവുടമകൾക്ക് തുക കൈമാറും. അനുവദിച്ച ഫണ്ടുകൾ തീർന്നു.

8 മാസമായി വിതരണം നടന്നിട്ടില്ല. വാടകക്കാരായ പല വ്യാപാരികൾക്കും ഇനിയും നഷ്ടപരിഹാരം നൽകാനുണ്ട്. ഭൂമി വിലയായി 139 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. കാക്കനാട് വില്ലേജ് പരിധിയിലെ എല്ലാ പ്ലോട്ടുകൾക്കും വില അനുവദിച്ചിട്ടുണ്ട്. കെട്ടിട ഉടമകൾക്കും വാണിജ്യ സ്ഥാപനങ്ങളിലെ വാടകക്കാർക്കും വെവ്വേറെ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. പുനരധിവാസ പാക്കേജിന് കീഴിലുള്ള ആനുകൂല്യവും നൽകുന്നുണ്ട്. മാർക്കറ്റ് വില, ന്യായവില രജിസ്റ്റർ, 3 വർഷ കാലയളവിൽ പരിസരത്ത് നടന്ന ഭൂമി ഇടപാടുകളുടെ രേഖകൾ എന്നിവ പരിശോധിച്ചാണ് ഏറ്റെടുത്ത പ്ലോട്ടുകളുടെ വില നിർണ്ണയിച്ചത്. ആദ്യ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കലിന് 130 കോടി രൂപയും റോഡ് വീതി കൂട്ടാൻ 59 കോടി രൂപയും അനുവദിച്ചിരുന്നു.