ബലാത്സംഗകേസിൽ കുറ്റവിമുക്തൻ; 10006 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മധ്യപ്രദേശ് യുവാവ്
ഇന്ദോര്‍: കൂട്ടബലാത്സംഗക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ആദിവാസി യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. 666 ദിവസം തടവ് ശിക്ഷ അനുഭവിച്ചതിന് നഷ്ടപരിഹാരമായി 10,006 കോടി രൂപ മധ്യപ്രദേശ് സർക്കാർ നൽകണമെന്നാണ് ആവശ്യം. രത്ലാം സ്വദേശിയായ കാന്തു എന്ന കാന്തിലാൽ ഭിൽ (35) ആണ് ഇത്രയും വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2 വർഷത്തെ ജയിൽ വാസത്തിനിടെ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സമ്മാനമായ ലൈംഗിക സുഖം ഉൾപ്പടെ നഷ്ടപ്പെടുത്തിയതിന് 10,000 കോടി രൂപ നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കുടുംബജീവിതം നഷ്ടപ്പെട്ടതിനും മാനസിക സമ്മര്‍ദം അനുഭവിച്ചതിനും വിദ്യാഭ്യാസം, ജോലി, കരിയര്‍, വിശ്വാസ്യത എന്നിവ നഷ്ടപ്പെട്ടതിനും ഒരു കോടി വീതമാണ് ആവശ്യം. ജയിലിൽ കഴിയുന്ന സമയത്ത് കോടതി വ്യവഹാര ചെലവുകൾക്കായി രണ്ട് ലക്ഷം രൂപയും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 10ന് ജില്ലാ കോടതി ഹർജി പരിഗണിക്കുമെന്ന് കാന്തിലലിന്‍റെ അഭിഭാഷകൻ വിജയ് സിംഗ് യാദവ് പറഞ്ഞു.
ദൈവാനുഗ്രഹം കൊണ്ടാണ് തനിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതെന്നും രണ്ട് വർഷത്തെ ജയിൽ വാസത്തിനിടെ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിക്കാൻ കഴിയില്ലെന്നും കാന്തിലാൽ പറഞ്ഞു. പോലീസ് കെട്ടിച്ചമച്ച കേസാണിത്. ജയിൽ വാസം ജീവിതത്തെ കീഴ്മേൽ മറിച്ചു. കടുത്ത ചൂടിലും തണുപ്പിലും വസ്ത്രമില്ലാതെ ജയിലിൽ കിടന്നു. കഠിനമായ ജയിൽവാസം കാരണം ത്വക്ക് രോഗവും തുടർച്ചയായ തലവേദനയും ഉൾപ്പെടെയുള്ള മറ്റ് അസുഖങ്ങൾ ഇപ്പോഴും അലട്ടുന്നുണ്ടെന്നും കാന്തിലാൽ പറഞ്ഞു.