കണ്ണൂർ വിസിക്കെതിരെ നടപടി ഗവര്‍ണറുടെ പരിഗണനയില്‍

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ നടപടിയെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യയായ പ്രിയ വർഗീസിനെ സർവകലാശാലയിൽ നിയമിച്ചതിലും അക്കാദമിക് കമ്മിറ്റികൾ രൂപീകരിച്ചതിലും ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സ്ഥാപിക്കാനുള്ള ശുപാർശയിലും വി.സി നിയമവിരുദ്ധമായി ഇടപെട്ടെന്ന പരാതിയാണ് രാജ്ഭവൻ പരിശോധിക്കുന്നത്.

കണ്ണൂർ സർവകലാശാലയിൽ അധ്യാപികയായി പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന പരാതിയിൽ 10 ദിവസത്തിനകം വി.സി ഗവർണർക്ക് വിശദീകരണം നൽകണം. കൂടുതൽ അധ്യാപന പരിചയവും അക്കാദമിക് യോഗ്യതയും പ്രസിദ്ധീകരണങ്ങളും ഉള്ളവരെ മറികടന്ന് അസോസിയേറ്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിൽ പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. വി.സിയുടെ വിശദീകരണം പരിശോധിച്ച ശേഷം തുടർ അന്വേഷണത്തിനായി ഒരു സമിതിയെയോ വിദഗ്ധനെയോ നിയമിക്കുന്ന കാര്യത്തിൽ ഗവർണർ തീരുമാനമെടുക്കും.

ഗോപിനാഥ് രവീന്ദ്രനെ വി.സിയായി പുനർനിയമിച്ചതിൽ ഗവർണർ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പുനർനിയമനത്തിനുശേഷം 72 അക്കാദമിക് കമ്മിറ്റികൾ വി.സി നേരിട്ട് രൂപീകരിച്ചു. ഗവർണർ നേരിട്ട് നൽകേണ്ട നോമിനേഷനുകൾ സർവകലാശാലയ്ക്ക് എങ്ങനെ നൽകാമെന്ന് വിശദീകരിക്കാൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിൻഡിക്കേറ്റിന്‍റെ അനുമതിയില്ലാതെ പുതിയ ആർട്സ് ആൻഡ് സയൻസ് കോളേജിന് അനുമതി നൽകാനും വിസി ശുപാർശ ചെയ്തിരുന്നു. പുതിയ കോളേജിന് ഈ അധ്യയന വർഷം തന്നെ അഫിലിയേഷൻ നൽകാൻ വിസി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.