വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പ്രതികളെ തിരിച്ചറിയാൻ നടപടി തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിലെ പ്രതികളെ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചതായി സ്പെഷ്യൽ ഓഫീസർ ആർ.നിശാന്തിനി ഐപിഎസ് അറിയിച്ചു. നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകും. 164 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഡിഐജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ കേസ് വിലയിരുത്തി.

വിഴിഞ്ഞം മുല്ലൂരിലേക്ക് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചതായി ആർ.നിശാന്തിനി പറഞ്ഞു. വിഴിഞ്ഞത്ത് എത്തുന്നതിന് മുമ്പ് മാർച്ച് തടയും. 750 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

“നിലവിൽ വിഴിഞ്ഞം അക്രമത്തിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന് പറയാനാവില്ല. താൻ പങ്കെടുത്ത യോഗത്തിൽ എൻ.ഐ.എ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല. അക്രമത്തെക്കുറിച്ചുള്ള വിവരങ്ങൾ എൻ.ഐ.എ തേടിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ല,”നിശാന്തിനി ഐപിഎസ്‌ പറഞ്ഞു.