നേതാക്കളില്ലാതെ കെപിസിസി ആസ്ഥാനത്ത് തരൂരിന് സ്വീകരണമൊരുക്കി പ്രവർത്തകർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെ.പി.സി.സി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. ശശി തരൂർ കെ.പി.സി.സിയിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും നിരവധി പ്രവർത്തകർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. താഴേത്തട്ടിലുള്ള പ്രവർത്തകർ തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. മുതിർന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണം നടത്തിയ ശേഷമാണ് തരൂർ മടങ്ങിയത്.

ഇവിടെ സ്വീകരിക്കാൻ നേതാക്കൾ ഇല്ല. പക്ഷേ പാർട്ടിയുടെ ശക്തിയായ സാധാരണ പ്രവർത്തകരുണ്ട്, ശശി തരൂർ പറഞ്ഞു. മാറ്റം ആവശ്യമാണെന്നാണ് രാജ്യത്ത് നിന്നുള്ള പ്രതികരണം. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ്. എന്നാൽ നേതാക്കൾ പറയുന്നത് പ്രവർത്തകർ കേൾക്കുമെന്ന് താൻ കരുതുന്നില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ടിന് ഒരേ മൂല്യമാണ്. പ്രവർത്തകരുടെ വോട്ടുകൾക്ക് മുതിർന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നെയാണ്. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും മുതിർന്ന നേതാക്കൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും തരൂർ പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.