നടന്‍ അജിത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നു

നടൻ അജിത്ത് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് റിപ്പോർട്ട്. ‘വലിമൈ’യ്ക്ക് ശേഷം എച്ച് വിനോദിനൊപ്പം ഒന്നിക്കുന്ന ‘തുണിവ്’ എന്ന ചിത്രത്തിലാണ് അജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്നതാണ് അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. ഇത് പൂർത്തിയാക്കിയ ശേഷം ഒന്നര വർഷത്തേക്ക് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ബൈക്ക് റൈഡിങ്ങില്‍ അതീവ താൽപര്യമുള്ള അജിത്ത് സുഹൃത്തുക്കൾക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോകം മുഴുവൻ സഞ്ചരിക്കുക എന്നത് അജിത്തിന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. ഇത്രയും കാലം സിനിമാ പ്രതിബദ്ധതകൾ കാരണം ഇത് വൈകി. തന്‍റെ 62-ാമത്തെ ചിത്രം പൂർത്തിയാക്കിയ ശേഷം അദ്ദേഹം സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കും. 63-ാമത്തെ ചിത്രത്തിനായി താരം ആർക്കും ഡേറ്റ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.