സൂര്യയെ നായകനാക്കി സിനിമ ചെയ്യുമെന്ന് നടൻ കാർത്തി

സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് നടൻ കാർത്തി. സഹോദരന് മാത്രമേ തന്നെ മനസിലാക്കാൻ കഴിയൂവെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്‍റെ വലിയ ആഗ്രഹമാണെന്നും കാർത്തി പറഞ്ഞു. ‘സർദാർ’ എന്ന തന്‍റെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാർത്തി. 

‘വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത്? അണ്ണനാണ് എന്നെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആഗ്രഹമാണ്. അനായാസം കഥാപാത്രമായി മാറുകയും കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുകയും ചെയ്യുന്ന നടനാണ് സൂര്യ’.

‘സംവിധായകന്‍റെ അസിസ്റ്റന്‍റായി തുടങ്ങിയതു മുതൽ ചേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്‍റെ സ്വപ്നമാണ്. എന്നെ നന്നായി മനസ്സിലാക്കാൻ അദ്ദേഹത്തിനാകും. അതിനാൽ ജോലി ചെയ്യാൻ എളുപ്പമായിരിക്കും. എനിക്ക് സംശയമുണ്ടെങ്കിൽ അത് പോലും അദ്ദേഹം നന്നായി മനസ്സിലാക്കും’ കാർത്തി പറഞ്ഞു. തന്‍റെ ആദ്യ സംവിധാന സംരംഭം ഉടൻ നടക്കുമെന്നും കൃത്യമായ പദ്ധതി ഇപ്പോൾ മനസ്സിൽ ഇല്ലെന്നും കാർത്തി വ്യക്തമാക്കി.