നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ക്ലോൺ കോപ്പിയും മിറർ ഇമേജും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹാഷ് മൂല്യത്തിലെ മാറ്റത്തെച്ചൊല്ലിയുള്ള ദുരൂഹത തുടരുന്നതിനിടെയാണ് ഹർജികൾ പരിഗണിക്കുന്നത്.

ഹാഷ് മൂല്യം മാറിയെന്ന ഫോറൻസിക് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സാവകാശം നൽകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കുകയും ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.

മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യത്തിൽ വന്ന മാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കേസ് അട്ടിമറിക്കാൻ പലപ്പോഴായി ശ്രമിച്ചതിന് ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നുമാണ് അതിജീവിതയുടെ ഹർജിയിലെ ആവശ്യം.