നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്രകാലത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നത് സംബന്ധിച്ച് സുപ്രീം കോടതി വിചാരണ കോടതിയിൽ നിന്ന് തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണക്കോടതി നൽകിയ മറുപടിയും ഇന്ന് കോടതിയുടെ മുന്നിലെത്തും.
വിചാരണ നടപടികൾ നീണ്ടുപോകാതിരിക്കാൻ കേസിൽ ഒരിക്കൽ വിസ്തരിക്കപ്പെട്ടവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നതിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും വിചാരണക്കോടതി ജഡ്ജിയെ തടയുകയാണെന്നാണ് ദിലീപിന്‍റെ ആരോപണം.
മുൻ ഭാര്യയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമാണ് തന്നെ കേസിൽ കുടുക്കിയത്. പൊലീസ് ഉദ്യോഗസ്ഥൻ നിലവിൽ ഡിജിപി റാങ്കിലാണെന്നാണ് ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നത്. അതേ സമയം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.