നടിയെ ആക്രമിച്ച കേസ്; ദിലീപിന് അഭിഭാഷകൻ മുഖേന നോട്ടീസ് നൽകാൻ ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ അഭിഭാഷകൻ മുഖേന നടൻ ദിലീപിന് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശം നൽകി. നേരത്തെ നൽകിയ നോട്ടീസ് ദിലീപ് കൈപ്പറ്റാതെ മടങ്ങിയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ മുഖേന നോട്ടീസ് നൽകാൻ കോടതി നിർദ്ദേശിച്ചത്.ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടർ വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് നിർദ്ദേശം. കൂടുതൽ അന്വേഷണത്തിനായി കഴിഞ്ഞ വർഷം ജനുവരിയിൽ വിചാരണ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഒന്നാം പ്രതി പൾസർ സുനിയുടെ സഹതടവുകാരൻ സജിത്തിനെയാണ് ആദ്യം വിസ്തരിക്കുക. നടി മഞ്ജു വാരിയർ, എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവനും ബന്ധുക്കളും നടത്തുന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ്, പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൻ എന്നിവരെ വീണ്ടും വിസ്തരിക്കാൻ പ്രത്യേക അപേക്ഷ നൽകണമെന്നു വിചാരണക്കോടതി പ്രോസിക്യൂഷനെ അറിയിച്ചിരുന്നു.