നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് സ്ഥിരീകരിക്കാത്ത വിവരം. മൂന്ന് കോടതികളുടെ കസ്റ്റഡിയിലായിരുന്നപ്പോഴും അനുമതിയില്ലാതെ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി ഫോറൻസിക് റിപ്പോർട്ടിൽ തെളി‍ഞ്ഞു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ ‘നിഖിൽ’ എന്ന പേരിൽ വീഡിയോ ഗെയിം ലോഗിൻ ചെയ്തതായി കണ്ടെത്തിയിരുന്നു.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9ന് രാത്രി 9.58നാണ് ലാപ്ടോപ്പിൽ കാർഡ് ഘടിപ്പിച്ച് പരിശോധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബർ 13ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഫോണിലും കാർഡ് പരിശോധിച്ചു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.30ന് ജിയോ സിം കാർഡ് ഉപയോഗിച്ച് വിവോ ഫോണിൽ കാർഡ് പരിശോധിച്ചതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.

മെമ്മറി കാർഡിന്‍റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് മൂല്യം) മൂന്ന് തവണയെങ്കിലും മാറ്റം ഉണ്ടായതായി കണ്ടെത്തി. കാർഡിന്‍റെ ഡിജിറ്റൽ ഘടനയിലെ മാറ്റം അതിന്‍റെ വിഷ്വലുകളിൽ സംഭവിച്ചില്ലെങ്കിലും, അതിന്‍റെ മെറ്റാ-ഡാറ്റയിൽ മാറ്റം കണ്ടെത്തിയിട്ടുണ്ട്. കോടതി രേഖകളിൽ ഇത് സംബന്ധിച്ച് വിവരമില്ലാത്തതിനാൽ അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ കണ്ടതെന്ന് വ്യക്തമാണ്. കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ലാപ്ടോപ്, ആൻഡ്രോയ്ഡ് ഫോൺ വിവോ ഫോൺ എന്നിവയുടെ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.