അദാനി എന്റർപ്രൈസസ് അറ്റാദായം 117% വർദ്ധിച്ചു
അദാനി എന്‍റർപ്രൈസസിന്‍റെ അറ്റാദായം ഇരട്ടിയിലധികമായി. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ (ജൂലൈ-സെപ്റ്റംബർ) അദാനി എന്‍റർപ്രൈസസ് 460.94 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 212.41 കോടി രൂപ അറ്റാദായം നേടിയിരുന്നു. അറ്റാദായം 117 ശതമാനം ഉയർന്നു.
അതേസമയം, അറ്റാദായം 2022-23 ന്‍റെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.81 ശതമാനം കുറഞ്ഞു. ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനി 469.46 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. രണ്ടാം പാദത്തിൽ അദാനി എന്‍റർപ്രൈസസിന്‍റെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 183 ശതമാനം ഉയർന്ന് 38,441.46 കോടി രൂപയായി. ഇന്‍റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്‍റ് (ഐആർഎം), എയർപോർട്ട് ബിസിനസുകൾ എന്നിവയിൽ കമ്പനി ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഐആർഎം വിഭാഗത്തിൽ നിന്നുള്ള വരുമാനം മൂന്നിരട്ടിയിലധികം ഉയർന്ന് 30,435.19 കോടി രൂപയായി. ഈ വിഭാഗത്തിലെ അറ്റാദായം 1,069.38 കോടി രൂപയാണ്. കഴിഞ്ഞ വർഷം 101 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോൾ ഈ വർഷം 200.83 കോടി രൂപയുടെ ലാഭമാണ് വിമാനത്താവള ബിസിനസിന് ലഭിച്ചത്.