എസിസി, അംബുജ സിമെന്റ് കമ്പനികള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു

തുറമുഖം, ഹരിത ഊർജ്ജം, ടെലികോം മേഖലകൾ മാത്രമല്ല അദാനിയുടെ ലക്ഷ്യം. എൻ.ഡി.ടി.വിയുടെ ഏറ്റെടുക്കൽ നീക്കം പാതിവഴിയിലായപ്പോൾ അദാനി രാജ്യത്ത് രണ്ട് സിമന്‍റ് കമ്പനികൾ കൂടി ഏറ്റെടുക്കുകയാണ്.

ബിസിനസ് വൈവിധ്യവൽക്കരണ പദ്ധതിയുടെ ഭാഗമായി, രാജ്യത്തെ ഏറ്റവും വലിയ സിമന്‍റ് കമ്പനികളായ എസിസി, അംബുജ എന്നിവയുടെ 26 ശതമാനത്തിലധികം ഓഹരികൾ ഏറ്റെടുക്കാൻ കമ്പനി ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു. 31,000 കോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

സ്വിസ് കമ്പനിയായ ഹോൾസിമിന് വലിയ നിക്ഷേപമുള്ള സ്ഥാപനങ്ങളാണ് എസിസിയും അംബുജവും. മെയ് മാസത്തിൽ ഹോൾസിം ലിമിറ്റഡിന്‍റെ ഇന്ത്യൻ ബിസിനസുകളിൽ ഒരു ഓഹരി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. 84000 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്.