അദാനി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി; ടാറ്റയെ മറികടന്നാണ് നേട്ടം
മുംബൈ: അദാനി എന്‍റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിക്കുമ്പോൾ അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റുചെയ്ത എല്ലാ ഓഹരികളുടെയും വിപണി മൂല്യം 22.27 ട്രില്യൺ ഡോളറായിരുന്നു. അതായത് ഏകദേശം 278 ബില്യൺ ഡോളർ. 20.77 ട്രില്യൺ ഡോളറാണ് ടാറ്റ ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് 17.16 ട്രില്യൺ ഡോളർ (220 ബില്യൺ ഡോളർ) വിപണി മൂലധനവുമായി മൂന്നാം സ്ഥാനത്താണ്.
അദാനി എന്ന കുടുംബപ്പേരിൽ ആരംഭിക്കുന്ന ലിസ്റ്റുചെയ്ത ഒമ്പത് സ്ഥാപനങ്ങളുടേയും ആസ്ഥാനം അഹമ്മദാബാദാണ്. അദാനി ഗ്രൂപ്പിന്റെ സമ്പത്ത് വിഭജിച്ചിരിക്കുന്നത് വളരെ സമർത്ഥമായാണ്. അദാനി ട്രാൻസ്മിഷൻ ആണ് ഇതിൽ മുൻ പന്തിയിൽ. ടാറ്റ ഗ്രൂപ്പിന് 27 ലിസ്റ്റുചെയ്ത കമ്പനികളാണ് വിപണിയിലുള്ളത്. ഇതിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, കമ്പനിയുടെ വിപണി മൂലധനത്തിന്‍റെ 53 ശതമാനവും കൈവശം വച്ചിരിക്കുകയാണ്.
മുകേഷ് അംബാനി ഗ്രൂപ്പിന് ഒമ്പത് ലിസ്റ്റുചെയ്ത കമ്പനികളുണ്ട്. എന്നാൽ ഗ്രൂപ്പിന്‍റെ വിപണി മൂലധനത്തിന്‍റെ 98.5 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസിന്‍റെ (ആർഐഎൽ) കൈവശമാണ്. ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് 16.91 ട്രില്യൺ രൂപ വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയാണ്.
അതേസമയം, ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ ധനികനായി മാറി. ആമസോണിന്‍റെ ജെഫ് ബെസോസിനെ പിന്തള്ളിയാണ് അദാനി രണ്ടാം സ്ഥാനത്തെത്തിയത്. 91 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.