അടപ്പാടി മധു കൊലക്കേസ്: പതിനൊന്ന് പ്രതികൾക്കും ജാമ്യം

പാലക്കാട്: മധു വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പതിനൊന്ന് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍റെ പരാതിയെ തുടർന്ന് കോടതി ഇവരെ നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കർശന ഉപാധികളോടെയാണ് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

എല്ലാ ദിവസവും കോടതിയിൽ ഹാജരാകണം, മധുവിന്‍റെ അമ്മ, സഹോദരി, മറ്റ് ബന്ധുക്കൾ എന്നിവരെ കാണാൻ പാടില്ല, രാജ്യം വിടരുത്, വിസ്തരിക്കപ്പെട്ട സാക്ഷികളെയോ വിസ്തരിക്കാനുള്ള സാക്ഷികളെയോ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയുടെ ഉത്തരവിൽ പറയുന്നു. 

മധു വധക്കേസിലെ ദൃക്സാക്ഷികളുടെ വിസ്താരം ഇന്നോടെ പൂർത്തിയാക്കി. നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. നേരത്തെ ഇവർക്കിടയിൽ കൂറുമാറിയ സാക്ഷി ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. 19-ാം സാക്ഷിയായ കക്കിയാണ് പ്രതിഭാഗത്തിന് അനുകൂലമായി നേരത്തെ നൽകിയ മൊഴി മാറ്റിയത്.