എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്
ഹരിപ്പാട്: എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ് ഭവനത്തിൽ സന്തോഷിനാണ്(48) പരിക്കേറ്റത്. എ.ഡി.ജി.പി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ഹരിപ്പാട് കെ.വി ജെട്ടി ജംഗ്ഷന് വടക്ക് ദേശീയപാതയിലാണ് അപകടമുണ്ടായത്.
കിഴക്കുഭാഗത്ത് നിന്ന് ബൈക്കിൽ വന്ന സന്തോഷ് ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എഡിജിപിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സന്തോഷിനെ എ.ഡി.ജി.പിയുടെ വാഹനത്തിൽ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
സന്തോഷിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിനൊപ്പം ഐ.ജി പ്രകാശും മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നു. അപകടത്തിന് ശേഷം എ.ഡി.ജി.പി ഈ വാഹനത്തിൽ എറണാകുളത്തേക്കുള്ള യാത്ര തുടർന്നു.