‘ആദിപുരുഷ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കോപ്പിയടിച്ചതെന്ന്‌ പരാതി

ഓം റൗത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിലെ നടൻ പ്രഭാസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കോപ്പിയടിച്ചതായി ആരോപണം. അനിമേഷൻ സ്റ്റുഡിയോയായ വാനരസേനയാണ് തങ്ങളുടെ ശിവ പോസ്റ്റർ ‘ആദിപുരുഷ്’ നിർമ്മാതാക്കൾ കോപിയടിച്ചുവെന്ന് ആരോപിച്ചത്. സോഷ്യൽ മീഡിയയിൽ രണ്ട് പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ടാണ് വാനാർ സേന ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ നിർമ്മാതാക്കൾക്ക് പോസ്റ്ററിന്‍റെ ക്രെഡിറ്റെങ്കിലും നൽകാമായിരുന്നു എന്ന പരിഹാസവും ഒപ്പമുണ്ട്.

“ഞങ്ങളുടെ ശിവ പോസ്റ്ററില്‍ നിന്ന് പ്രജോതനം ഉള്‍ക്കൊണ്ടാണ് ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചെയ്തതെന്ന് തോന്നുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ടീ സീരീസ് യഥാര്‍ത്ഥ കലാകാരന്റെ പേര് പറയാത്തത് നാണക്കേടാണ്” വാനര സേന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫസ്റ്റ് ലുക്ക് പോസ്റ്റർ കോപിയടിച്ചതാണെന്ന് ആരോപിച്ച് നിരവധി പേരാണ് ഒറിജിനൽ ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത്. ഒറിജിനൽ ചിത്രം വരച്ച വിവേക് റാമും ചിത്രം പങ്കുവെച്ചിട്ടുണ്ട്.