അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ദയാവധത്തിനായി സംസ്ഥാന സർക്കാർ കെഎസ്ആർടിസിയെ കൈവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

മാനേജ്മെന്റിന്റെയും സർക്കാരിന്റെയും കെടുകാര്യസ്ഥത മൂലം കെ.എസ്.ആർ.ടി.സി തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പാവപ്പെട്ടവരുടെ പൊതുഗതാഗത സംവിധാനം സംരക്ഷിക്കുന്നതിൽ സർക്കാരിന് താൽപ്പര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ ശേഷമാണ് ശമ്പള പരിഷ്കരണം നടത്തിയത്. അധികവരുമാനമുണ്ടാക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണം. വിഷയം ഈയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യൂണിയനുകളുമായി ചർച്ച ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു.