നടിയെ ആക്രമിച്ച കേസിൽ അഡ്വ.അജകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വി അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരമാണ് അഡ്വ. അജകുമാറിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അസി. പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി.സുനിൽ കുമാറിനെയും നിയമിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഈ മാസം 22നകം അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. കേസ് തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പരിഗണിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ദിലീപിന്‍റെ സുഹൃത്തും ബിസിനസുകാരനുമായ ശരത് മാത്രമാണ് അനുബന്ധ കുറ്റപത്രത്തിലെ പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും 80 ഓളം പേരെ പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ സാക്ഷികളാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ദിലീപിലേക്ക് എത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിഐപി എന്ന് വിളിക്കുന്ന സുഹൃത്ത് ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനപ്പൂർവ്വം മറച്ചുവെക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിലാണ് ശരത്തിനെ പ്രതി ചേർത്തിട്ടുള്ളത്.