പെരിയ ഇരട്ടക്കൊലക്കേസ് ഏറ്റെടുത്ത് അഡ്വ. സി.കെ. ശ്രീധരൻ
കാസർകോട്: പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളുടെ കേസ് ഏറ്റെടുത്ത് മുൻ കോൺഗ്രസ് നേതാവ് അഡ്വ.സി കെ ശ്രീധരൻ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെ ഒൻപത് പേർക്ക് വേണ്ടി ശ്രീധരൻ കൊച്ചിയിലെ സി.ബി.ഐ കോടതിയിൽ ഹാജരായി. അടുത്തിടെയാണ് ശ്രീധരൻ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്.
ഫെബ്രുവരി 2 ന് കൊച്ചിയിലെ സി.ബി.ഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കും. 54 സാക്ഷികളുടെ വിസ്താരത്തിനുള്ള തീയതി പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. എന്നാൽ പ്രതിഭാഗം ഇതുവരെ സാക്ഷികളുടെ പട്ടിക കൈമാറിയിട്ടില്ല. ഒന്നാം പ്രതി പീതാംബരനെ വിചാരണക്കോടതിയുടെ അനുമതി ഇല്ലാതെ ആയുർവേദ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത് വിവാദം സൃഷ്ടിച്ചിരുന്നു.
ഇതേതുടർന്ന് ജയിൽ അധികൃതരുടെ അപേക്ഷ പ്രകാരം കേസിലെ എല്ലാ പ്രതികളെയും വിയ്യൂരിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റാൻ സി.ബി.ഐ കോടതി അനുമതി നൽകി. 2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.