മുൻകൂർ ജാമ്യം തേടി സ്വപ്നയും സരിത്തും; ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: മുൻകൂർ ജാമ്യം തേടാൻ ഹൈക്കോടതിയെ സമീപിക്കാൻ സ്വപ്ന സുരേഷും സരിത്തും. മുൻ മന്ത്രി കെ.ടി ജലീലിൻറെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഒഴിവാക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഇരുവർക്കുമെതിരെ സംസ്ഥാന പൊലീസിൻറെ ഭാഗത്തുനിന്നും ദ്രുതഗതിയിലുള്ള നീക്കമുണ്ടാകുമെന്ന് അഭിഭാഷകർ പറയുന്നു. സ്വപ്നയുടെ അഭിഭാഷകർ അൽപ്പസമയത്തിനകം കോടതിയെ സമീപിക്കും.
മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിനെ തുടർന്നാണ് സരിത്തിനെ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. സരിത്തിൻറെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് വിജിലൻസ് അറിയിച്ചു.
പാലക്കാട് വിജിലൻസ് യൂണിറ്റ് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരം യൂണിറ്റിൻ കൈമാറും. ലൈഫ് മിഷൻ കേസിലെ തെളിവെടുപ്പിൻറെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം. എന്നാൽ ലൈഫ് മിഷൻ കേസിൽ ഈ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നാണ് സരിത്തിൻറെ വാദം.