അൽഷിമേഴ്‌സ് ചികിത്സയിൽ മുന്നേറ്റം; പുതിയ മരുന്ന് സ്മൃതിനാശം മന്ദഗതിയിലാക്കുന്നതായി കണ്ടെത്തൽ

ലോസ് ആഞ്ജലിസ്: അൽഷിമേഴ്സ് രോഗം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് മന്ദഗതിയിലാക്കാൻ ‘ലെകാനെമാബ്’ എന്ന പുതിയ മരുന്നിന് കഴിയുമെന്ന് കണ്ടെത്തി. 18 മാസം മരുന്ന് കഴിച്ചവരിൽ ഓർമക്കുറവ് 27 ശതമാനം വരെ മന്ദഗതിയിലായിരുന്നു. അൽഷിമേഴ്സിന് നിലവിൽ ഫലപ്രദമായ ചികിത്സ ഇല്ലെന്നിരിക്കെ, പുതിയ ഫലം ഒരു വലിയ ചുവടുവയ്പാണെന്ന് ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു.

തലച്ചോറിൽ ബീറ്റാ-അമിലോയ്ഡ് എന്ന മാംസ്യത്തിൻ്റെ അടിഞ്ഞുകൂടൽ നീക്കം ചെയ്യാൻ ലെകനെമാബിന് കഴിയും. ബീറ്റ അമിലോയിഡിന്‍റെയും മറ്റൊരു മാംസ്യമായ റ്റൗവുവിന്റെയും സാന്നിധ്യമാണ് അൽഷിമേഴ്സിന്‍റെ ലക്ഷണം. എന്നിരുന്നാലും, ഇവയാണ് രോഗത്തിന്‍റെ മൂലകാരണമെന്ന് കണ്ടെത്തിയിട്ടില്ല. ബീറ്റ അമിലോയിഡിന്‍റെ ഒരു പ്രതിദ്രവ്യമായി ലെകാനെമാബ് പ്രവർത്തിച്ചതായി കണ്ടെത്തി. ബീറ്റ അമിലോയിഡാണ് ഓർമ്മ നഷ്ടത്തിന് നേരിട്ട് കാരണമാകുന്നതെന്നും ഇത് വെളിപ്പെടുത്തി.

യുഎസിലെ ബയോജെൻ, ജപ്പാനിലെ എയ്‌സായ് എന്നീ കമ്പനികൾ ചേർന്നാണ് ലെകനെമാബ് വികസിപ്പിച്ചെടുത്തത്. അൽഷിമേഴ്സ് ബാധിച്ച 1795 പേരിലാണ് പരിശോധന നടത്തിയത്. അവരിൽ പകുതി പേർക്ക് ലെകനെമാബ് നൽകുകയും ബാക്കിയുള്ളവർക്ക് സാമ്യമുള്ള പാദാർഥവും നൽകിയായിരുന്നു പരീക്ഷണം.