അഫ്ഗാൻ ജനതയ്‌ക്ക് സഹായഹസ്തവുമായി ഇന്ത്യ; 3000 മെട്രിക് ടൺ ഗോതമ്പ് കൂടി കയറ്റി അയച്ചു
ഭക്ഷ്യക്ഷാമവും ഭൂകമ്പവും മൂലം ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ശനിയാഴ്ച 3,000 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ പാകിസ്ഥാൻ വഴി കടൽമാർഗം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്ത ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി മൊത്തം 33,500 മെട്രിക് ടൺ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാനിസ്ഥാന് നൽകുന്ന സഹായത്തിന്റെ ഭാഗമായി സാങ്കേതിക വിദഗ്ധരുടെ സംഘത്തെ ഇന്ത്യ ഇന്നലെ കാബൂളിലേക്ക് അയച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ സഹായ പദ്ധതികൾ ഏകോപിപ്പിക്കുന്നതിനാണ് സംഘത്തെ അയച്ചത്. നേരത്തെ 500000 ഡോസ് കൊവാക്സിൻ ഇന്ത്യ അഫ്ഗാന് നൽകിയിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് 13 ടൺ അവശ്യ മരുന്നുകളും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് എത്തിച്ചിരുന്നു.