ലോകത്തെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ ഒന്നാമത്
കാബൂൾ: അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യം. താലിബാൻ അധികാരം പിടിച്ചെടുത്തതു മുതൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അനിയന്ത്രിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗാലപ്പിന്‍റെ ലോ ആൻഡ് ഓർഡർ സൂചിക പ്രകാരം യുദ്ധത്തിൽ തകർന്ന രാജ്യം ഇപ്പോൾ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്.
120 ലധികം രാജ്യങ്ങളെയാണ് അവരുടെ പൗരന്മാരുടെ സുരക്ഷയെ അടിസ്ഥാനമാക്കി സർവേ വിലയിരുത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി ആഗോള സമാധാന സൂചികയിൽ അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമാണ്. ഇതിനിടയിലാണ്,
ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമെന്ന ‘നേട്ടം’. സിംഗപ്പൂരാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂരിന്റെ സ്കോർ 96 ആണ്.
രാജ്യത്തെ പൗരന്മാർ എത്രമാത്രം സുരക്ഷിതത്വം അനുഭവിക്കുന്നു, എത്ര പേർ മോഷണത്തിനും ആക്രമണത്തിനും ഇരയായി എന്നിവയാണ് സർവേയിൽ പരിശോധിക്കുന്നത്. അഫ്ഗാനിസ്ഥാന്‍റെ സ്കോർ 43 ആണ്. അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തതോടെ, രാത്രിയിൽ സുരക്ഷിതമായി നടക്കാൻ കഴിയില്ലെന്ന് ജനങ്ങൾക്കിടയിൽ ഒരു പൊതു ബോധം ഉടലെടുത്തു. കഴിഞ്ഞ വർഷം താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യവ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചിട്ടുണ്ട്.