അഫ്ഗാനിലെ ദുരിതം; പട്ടിണി രൂക്ഷം, കുട്ടികളെ ഉറക്കാൻ ഗുളികകൾ നൽകുന്നതായി റിപ്പോർട്ട്
ഹെറാത്ത്: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചതു മുതൽ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്ത് നടക്കുകയാണ്. ഇപ്പോഴിതാ അവിടെ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്. പട്ടിണി കിടന്ന് കരയുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ മാർഗമില്ലാത്തതിനാൽ, മാതാപിതാക്കൾ ഉറങ്ങാൻ വിവിധ ഗുളികകൾ നൽകുന്നുവെന്നാണ് റിപ്പോർട്ട്.
“കുഞ്ഞുങ്ങൾ കരഞ്ഞു കൊണ്ടേയിരിക്കുകയാണ്. അവർ ഉറങ്ങുന്നില്ല. ഞങ്ങൾക്ക് ഭക്ഷണമില്ല. ഞങ്ങൾ നേരെ ഫാർമസിയിലേക്ക് പോകുന്നു. അവിടെ നിന്നാണ് ഗുളികകൾ വാങ്ങി കുഞ്ഞുങ്ങൾക്ക് നൽകുന്നത്. അവർ അത് കഴിച്ച് ഉറങ്ങുന്നു,” അബ്ദുൾ വഹാബ് എന്ന പിതാവ് ബിബിസിയോട് പറഞ്ഞു.
വഹാബ് ഹെറാത്തിന് പുറത്താണ് താമസിക്കുന്നത്. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമാണ് ഹെറാത്ത്. ദശാബ്ദങ്ങൾ നീണ്ട യുദ്ധത്തിലും പ്രകൃതിദുരന്തങ്ങളിലും കുടിയൊഴിക്കപ്പെട്ടവരും എല്ലാം നഷ്ടപ്പെട്ടവരുമായ മനുഷ്യരാണ് ഇവിടത്തെ മൺകുടിലുകളിൽ ജീവിക്കുന്നത്. വഹാബ് അവരിലൊരാളാണ്.