യു.എൻ രക്ഷാസമിതിയിൽ ആഫ്രിക്കക്ക് പ്രാതിനിധ്യം വേണം; ജപ്പാൻ

യുഎൻ രക്ഷാസമിതിയിൽ ആഫ്രിക്കയ്ക്കുവേണ്ടി ശബ്ദമുയർത്തി ജപ്പാൻ. രക്ഷാസമിതിയിൽ പ്രാതിനിധ്യം നൽകാതെ ആഫ്രിക്കയെ അവഗണിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.

സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, സുരക്ഷാ കൗൺസിൽ സമൂലമായി പരിഷ്കരിക്കുകയും ഐക്യരാഷ്ട്ര സഭയെ മൊത്തത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കിഷിദ പറഞ്ഞു. തുനിസിൽ ആഫ്രിക്കൻ വികസനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കിഷിദ.

2023ലും 2024ലും യുഎൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത സീറ്റ് കൈവശം വെക്കാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. രക്ഷാസമിതിയിൽ 15 അംഗങ്ങളാണുള്ളത്. ഇതിൽ യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ അഞ്ച് രാജ്യങ്ങൾ സ്ഥിരാംഗങ്ങളാണ്.