ആഫ്രിക്കൻ പന്നി പനി; പ്രതിരോധ നടപടികള്‍ ശക്തമാക്കി
ആഫ്രിക്കൻ പന്നിപ്പനി പന്നികളെ ബാധിക്കുന്ന മാരകവും അത്യന്തം സാംക്രമികവുമായ ഒരു വൈറൽ രോഗമാണ്. മനുഷ്യരിലോ പന്നികൾ ഒഴികെയുള്ള മൃഗങ്ങളിലോ ഈ രോഗം ബാധിക്കില്ല. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് പ്രതിരോധ നടപടികൾ സ്വീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആഫ്രിക്കൻ സൈൻ ഫീവർ ആക്ഷൻ പ്ലാൻ അനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്കും സംസ്ഥാനത്തെ എല്ലാ ഡയഗ്നോസ്റ്റിക് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ/ സർക്കാർ പന്നിവളർത്തൽ കേന്ദ്രങ്ങളിൽ പന്നികളിൽ രോഗലക്ഷണങ്ങളോ മരണമോ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ എല്ലാ ജില്ലാ ഓഫീസർമാർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലുള്ള എല്ലാ പന്നിഫാമുകളിലെയും ബയോ സെക്യൂരിറ്റി, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങൾ കാര്യക്ഷമമാക്കുന്നതിനും പന്നിഫാം ഉടമകൾക്കും സർക്കാർ പന്നിഫാമിലെ ഉദ്യോഗസ്ഥർക്കും ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനായും 12ന ഓൺലൈൻ സെമിനാർ സംഘടിപ്പിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കുടപ്പനക്കുന്ന് അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ടിൽ നിലവിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം (എസ്.എ.ഡി.ഇ.സി) സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശത്ത് സംശയാസ്പദമായ രോഗമുണ്ടെങ്കിൽ അറിയിക്കാൻ സജീവമാക്കിയിട്ടുണ്ട്. (നമ്പർ 0471 2732151) അതേ സമയം പാലോട് മുഖ്യജന്തുരോഗ നിർണയ കേന്ദ്രത്തിൽ രോഗ നിർണ്ണയത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന പന്നികളിൽ രോഗ നിരീക്ഷണവും ആരോഗ്യ പരിശോധനയും ശക്തമാക്കാൻ എല്ലാ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.