ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിൽ ഇന്ന് നൂറോളം പന്നികളെ കൊല്ലും

വയനാട്: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്‍റെ ഭാഗമായി മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ ഇന്ന് കൊന്നൊടുക്കും. പന്നികൾ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും നടപടികൾ ആരംഭിക്കുക.

നേരത്തെ തവിഞ്ഞാലിലെ ഫാമിൽ 350 പന്നികളെ കൊന്നിരുന്നു. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമാണ് പന്നികളെ കൊന്നൊടുക്കുന്നത്.

അതേസമയം, രോഗനിയന്ത്രണത്തിന്‍റെ ഭാഗമായി സർക്കാർ സ്വീകരിച്ച മുൻകരുതലുകൾ അപ്രായോഗികമാണെന്നും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവ്യക്തതയുണ്ടെന്നും ഫാം ഉടമകളുടെ പരാതിയുണ്ട്. അനാവശ്യമായ ഭയം പരത്തുന്നത് പന്നി കർഷകരെ കടക്കെണിയിലാക്കുമെന്നാണ് ഫാം ഉടമകളുടെ അവകാശവാദം.